കൊച്ചി: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധിയ്ക്ക് സ്റ്റേ. ഹൈക്കോടതിയാണ് വിധി സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
കേസിൽ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കുറ്റവിമുക്തരാക്കിയത്. സുരേന്ദ്രന്റെ വിടുതൽ ഹർജി പരിഗണിച്ച് പ്രതികൾക്ക് മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

