ആമിർ ഖാനും രജനികാന്തും വീണ്ടും ഒന്നിച്ചെത്തുന്നു; ‘കൂലി’യിൽ സ്പെഷ്യൽ കാമിയോ റോളെന്ന് റിപ്പോർട്ട്

ബോളിവുഡ് മെഗാസ്റ്റാർ ആമിർ ഖാനും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും വീണ്ടും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 30 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. 1995 ൽ ആതംഗ് ഹീ ആതംഗ് എന്ന ചിത്രത്തിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ‘കൂലി’യിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തുമെന്നാണ് പീപ്പിംഗ് മൂൺ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ ആമിർ ഖാന്റ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. രജനികാന്തിന്റെ 171-ാമത് ചിത്രമാണ് കൂലി. നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത്. ഫിലോമിൻരാജ് എഡിറ്റിങ്ങ് നിർവഹിക്കും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.