വയനാടിന് അടിയന്തര കേന്ദ്രസഹായം വേണമെന്ന് നിയമസഭ; പ്രമേയം ഐക്യകണ്‌ഠേന പാസാക്കി

തിരുവനന്തപുരം: വയനാടിന് കേന്ദ്രം അയിന്തരമായി സഹായം നൽകണമെന്ന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. കേന്ദ്രസഹായം വൈകുന്നതിൽ ഭരണപ്രതിപക്ഷം ഒരുപോലെ വിമർശിച്ചു. ചില സംസ്ഥാനങ്ങളിൽ മെമ്മോറാണ്ടം നൽകുന്നതിനു മുമ്പേ അങ്ങോട്ട് കേന്ദ്രം സഹായം നൽകുന്നതായും അംഗങ്ങൾ വിമർശിച്ചു. സർക്കാർ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചിട്ടും കേന്ദ്രസർക്കാർ പ്രത്യേക ധനസഹായം നൽകിയിട്ടില്ലെന്നും, കേന്ദ്രം സഹായം നൽകുമെന്നാണ് പ്രതീക്ഷയെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അടിയന്തരമായി നൽകണം. ഇതി പുനരധിവാസ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. മറ്റൊന്ന് ഈ മേഖലയിലെ ആളുകൾ എടുത്തിട്ടുള്ള വായ്പകൾ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ സാമധനസാമഗ്രികൾ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാപ്രവർത്തനം നടന്നതുമായ സ്ഥലങ്ങളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കി. കണ്ടെത്തിയവയിൽ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സ്ഥലം ഏറ്റെടുത്ത് സംസ്‌കരിച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ മരണ രജിസട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും, ദുരന്തബാധിതർക്ക് നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയിൽ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തി മുഴുവൻ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവർക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റും ഫർണിച്ചർ സാമഗ്രികളും നൽകി. ദുരന്തമേഖലയിലെ 607 വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികൾ ഉറപ്പാക്കുകയും ചെയ്തു.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ കഴിഞ്ഞു. എസ്ഡിആർഎഫിൽ നിന്ന് 4 ലക്ഷവും, സിഎംഡിആർഎഫിൽ നിന്ന് 2 ലക്ഷവും വീതം. ഈ ഇനത്തിൽ എസ്ഡിആർഎഫിൽ നിന്ന് 5 കോടി 24 ലക്ഷം രൂപയും സിഎംഡിആർഎഫിൽ നിന്ന് 2 കോടി 62 ലക്ഷം രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചെലവുകൾക്കായി 10,000 രൂപ വീതം നൽകി. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ 26 പേർക്ക് 17 ലക്ഷത്തി പതിനാറായിരം രൂപ സഹായം നൽകി. ദുരന്ത ബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും നൽകി. ഉപജീവനസഹായമായി ദുരന്തബാധിത കുടുംബത്തിലെ 1694 പേർക്ക് ദിവസം 300 രൂപ വീതം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

729 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ വീതം നൽകി വരുന്നു. 649 കുടുംബങ്ങൾക്ക് ഫർണിച്ചർ ഉൾപ്പെടെ ബാക്ക് ടു ഹോം സഹായം നൽകി. വീട്ടുകാരെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ കാര്യം പറഞ്ഞതുപോലെ, ഒറ്റപ്പെട്ടുപോയ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കാര്യവും സർക്കാർ പ്രത്യേകമായി പരിഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 531 കോടി 12 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ ലഭിച്ച സിഎസ്ആർ മൂന്നര കോടി രൂപയാണ് ലഭിച്ചത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒട്ടനവധി സഹായവാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്. ടൗൺഷിപ്പിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കിയശേഷം ഓഫറുകൾ നൽകിയവരുമായി വിശദമായ ചർച്ച നടത്തി മുന്നോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നിവരുമായി ഈ സഭാസമ്മേളനം അവസാനിക്കുന്നതിനു മുമ്പു തന്നെ നടത്തണമെന്നാണ് ആലോചിച്ചിട്ടുള്ളത്. മിക്കവാറും നാളെ നടത്താനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനദുരന്ത പ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം നൽകുകയും, പ്രധാനമന്ത്രിയെ 27-8-2024 ൽ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലായി 1200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാതമികമായി കണക്കാക്കിയിട്ടുള്ളത്. ഇതുകണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്രമാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ള മെമ്മോറാണ്ടം ഓഗസ്റ്റ് 17 ന് സമർപ്പിച്ചിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചെങ്കിലും, ദുരന്തത്തിന്റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചകാര്യം സഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുരന്തനിവാരണ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.