കൊൽക്കത്ത: വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകീർത്തിപ്പെടുത്തുമ്പോഴും രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂവെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സുക്‌ന സൈനിക സ്റ്റേഷനിൽ ആയുധപൂജയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഭാരതത്തിന്റെ സുരക്ഷയാണ് പരമപ്രധാനം. തങ്ങളുടെ താത്പര്യങ്ങൾക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ വലിയ പ്രതിരോധമുണ്ടാകും. നമുക്ക് ലഭിച്ചതൊക്കെയും പാരമ്പര്യമായി ലഭിച്ചതാണ്. ഈ പൈതൃകം തുടർന്നും സംരക്ഷിക്കും. താത്പര്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കവിധത്തിൽ എന്തെങ്കിലുമുണ്ടായാൽ വലിയ ചുവടുവയ്പ്പാകും ഉണ്ടാവുക. ആവശ്യമെങ്കിൽ ആയുധങ്ങളും ഉപകരണങ്ങളും പൂർണ ശക്തിയോടെ ഉപയോഗിക്കാമെന്ന് ആയുധപൂജ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

