നവരാത്രി ഉത്സവം; നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ചെങ്കോട്ടയിലെ മാധവ് ദാസ് പാർക്കിൽ നടത്തിയ ആഘോഷങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

നവരാത്രി ആഘോഷങ്ങളുമായി ഭാഗമായി രാമൻ, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും തിലകം ചാർത്തി. തുടർന്ന് ഇരുനേതാക്കളുടെയും സാന്നിധ്യത്തിൽ തിന്മയുടെ ആൾരൂപങ്ങളായ രാവണന്റെയും മേഘനാഥന്റെയും കുംഭകർണ്ണന്റെയും കോലങ്ങൾ കത്തിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും രാഷ്ട്രപതിയും പ്രധാനമന്ത്രി നവരാത്രിദിന ആശംസകൾ നേർന്നിരുന്നു.

സത്യത്തിലും ധാർമികതയിലുമുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ഈ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. തിന്മക്കെതിരെ നന്മ വിജയിച്ച ദിവസം കൂടിയാണിത്. ഈ മഹത്ദിനത്തിൽ ഏത് പ്രയാസകരമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോഴും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. എല്ലാവർക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ സന്തോഷകരമായ ജീവിതം ആശംസിക്കുന്നുവെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.