ഇതുപോലെ ഒരു നാച്വറൽ ആർട്ടിസ്റ്റിനെ കാണാൻ കഴിയില്ല; ഫഹദ് ഫാസിനെ പ്രശംസിച്ച് രജനികാന്ത്‌

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം സജീവമാകുന്നുണ്ട്. രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ എന്ന സിനിമയിലും ഫഹദ് വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഫഹദിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്.

ഇതുപോലെ ഒരു നാച്വറൽ ആർട്ടിസ്റ്റിനെ കാണാൻ കഴിയില്ലെന്നും ഇതുവരെ കണ്ടിട്ടുമില്ലെന്നുമാണ് രജിനികാന്ത് പറയുന്നത്. ഷോട്ടില്ലാത്ത സമയത്ത് ഫഹദിനെ കാണാൻ പോലും കിട്ടാറില്ല. കാരവാനിൽ ഇരിക്കുന്നതെന്നും കണ്ടിട്ടുപോലുമില്ല. എന്നാൽ ഷോട്ട് റെഡിയാകുന്നതോടെ എവിടുന്നെങ്കിലും ഓടിപ്പിടിച്ചെത്തും. പെട്ടെന്ന് തന്നെ ഷോട്ട് തീർത്ത് പോകുകയും ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു.

അസാധ്യമായ അഭിനയമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. നിങ്ങൾ സിനിമ കാണുമ്പോൾ താൻ പറഞ്ഞത് നിങ്ങൾക്ക് എല്ലാം മനസിലാകും. അദ്ദേഹം ഒരു സൂപ്പർ ആർട്ടിസ്റ്റാണ്. അദ്ദേഹം എത്ര മികച്ച നടനാണെന്ന് തനിക്ക് മനസിലായെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. ഒക്ടോബർ 10 നാണ് വേട്ടയ്യന്റെ റിലീസ്. അമിതാഭ് ബച്ചൻ ഉൾപ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്.