ഹരിയാനയിലെ ബിജെപിയുടെ പ്രകടനം വികസന രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും ഫലം; പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ബിജെപിയുടെ പ്രകടനം വികസന രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

”ഹരിയാനയ്ക്ക് ഹൃദയംഗമമായ നന്ദി! ഭാരതീയ ജനതാ പാർട്ടിക്ക് ഒരിക്കൽ കൂടി വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങളെ താൻ അഭിവാദ്യം ചെയ്യുന്നു. ഇത് വികസന രാഷ്ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയുടെ വിജയത്തിനുപുറകിൽ പ്രയത്‌നിച്ച പ്രവർത്തകർക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഈ മഹത്തായ വിജയത്തിനായി അക്ഷീണമായും പൂർണ അർപ്പണബോധത്തോടെയും പ്രവർത്തിച്ച എല്ലാ പാർട്ടിപ്രവർത്തകർക്കും തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.