ഛണ്ഡീഗഡ്: ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയാണ് ബിജെപി നേടിയത്. 36 സീറ്റാണ് കോൺഗ്രസിന് ഹരിയാനയിൽ നേടാനായത്. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്താൻ ബിജെപിയ്ക്ക് കഴിഞ്ഞു.
ഐഎൻഎൽഡിയ്ക്ക് വെറും ഒരു സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ദുഷ്യന്ത് ചൗതാലയുടെ ജെജെപിയ്ക്ക് ഹരിയാനയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഹരിയാനയിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു.
ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയത്തിലേക്കെത്തിയെന്നാണ് കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

