തിരുവനന്തപുരം: നാലു കോടി രൂപ തട്ടിയെടുത്ത പ്രതികളെ രാജസ്ഥാനില്‍ നിന്ന് സാഹസികമായി പിടികൂടി കോഴിക്കോട് സിറ്റി സൈബര്‍ പോലീസ്.
സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയുടെ 4,08,80,457 രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെയും കൂട്ടാളിയെയും രാജസ്ഥാനിലെ ബഡി സാദ്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ദാനധര്‍മങ്ങള്‍ നടത്തിയിരുന്ന പരാതിക്കാരനെ സഹായ അഭ്യര്‍ത്ഥനയുമായാണ് പ്രതി ആദ്യമായി ബന്ധപ്പെടുന്നത്. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയില്‍ ആണെന്നും ഭാര്യയ്ക്ക് അസുഖം ബാധിച്ചതിനാല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി വലിയൊരു തുക വേണ്ടിവരുമെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. സഹതാപം പിടിച്ചുപറ്റിയ തട്ടിപ്പുകാരന് പരാതിക്കാരന്‍ പലപ്പോഴായി പണം നല്‍കി സഹായിക്കുകയും ചെയ്തു.
പണം തിരികെ ചോദിച്ചപ്പോള്‍ പ്രതിയുടെ കുടുംബസ്വത്ത് വിറ്റ് പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞു. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ തന്‍റെ കൈവശമുള്ള കുടുംബസ്വത്ത് ബന്ധുക്കള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടില്‍ സാമുദായിക കലാപത്തിനുവരെ കാരണമായെന്നും ഒരാള്‍ കൊല്ലപ്പെട്ടെന്നും അയാള്‍ പറഞ്ഞു. തന്‍റെ സഹോദരി ആത്മഹത്യ ചെയ്തതെന്നും ഇതിനെല്ലാം കാരണക്കാരന്‍ പരാതിക്കാരനാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. രാജസ്ഥാന്‍ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പോലീസ് ചമഞ്ഞ് പരാതിക്കാരനെ വിളിച്ചും ഭീഷണിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ സാമുദായിക കലാപത്തിനും കൊലക്കുറ്റത്തിനും ഉള്‍പ്പെടെ കേസെടുക്കുമെന്നു പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. പരാതിക്കാരന്‍ തട്ടിപ്പുകാരുടെ വലയില്‍ വീണ് ഏറെനാള്‍ പണം കൊടുത്തുകൊണ്ടേയിരുന്നു എന്നത് മനസ്സിലാക്കിയ അയാളുടെ മകന്‍ കോഴിക്കോട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്ന് മനസ്സിലായി. മുഖ്യപ്രതി രാജസ്ഥാനിലെ ചിറ്റോര്‍ഘട്ട് ജില്ലയിലെ ബഡി സാദ്രി സ്വദേശിയായ സുനില്‍ ദംഗിയാണ് സഹായം അഭ്യര്‍ത്ഥിച്ച് പരാതിക്കാരനെ ബന്ധപ്പെട്ടത്. അയാളുടെ സഹായിയായ രണ്ടാം പ്രതി ശീതള്‍ കുമാറിന്‍റെ അക്കൗണ്ടിലേയ്ക്കും പണം അയച്ചുനൽകിയിരുന്നു. വാട്ട്സാപ്പ് സന്ദേശങ്ങള്‍ക്കായി ഉപയോഗിച്ച ഫോണ്‍ വഴിയാണ് ഇവരെ കണ്ടെത്തിയത്. പണം പല തവണകളായി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അയച്ചുനല്‍കിയിരുന്നത്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്‍റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അങ്കിത് സിംഗിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കെ. ആര്‍, എസ് ഐമാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ് ചാലിക്കര, എസ്.സി.പി.ഒ നൗഫല്‍ കെ.എം, ഫെബിന്‍ കെ.ആര്‍ എന്നിവരടങ്ങിയ അന്വേഷണസംഘം ഒക്ടോബര്‍ ഒന്നിന് രാജസ്ഥനിലെത്തി രണ്ട് പ്രതികളെയും തന്ത്രപരമായി പിടികൂടി. തട്ടിപ്പിനായി ഉപയോഗിച്ച ഫോണും അക്കൗണ്ട് രേഖകളും പൊലീസ് കണ്ടെത്തി. പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ തുടരുന്നുവെന്ന് പോലീസ് അറിയിച്ചു.

