തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കട്ടിൻ്റെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പൊലീസുകാർക്ക് പോകാൻ പുതിയ ബോട്ടെത്തി. 39 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങി തേക്കടിയിലെത്തിച്ചത്.
തേക്കടിയിൽ നിന്നും ബോട്ട് മാർഗ്ഗവും വള്ളക്കടവ് വഴി ജീപ്പിലുമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെത്താൻ കഴിയുക. സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് 2008 ലാണ് പൊലീസിനായി ബോട്ട് വാങ്ങിയത്.
20 പേർക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്ന ബോട്ടിൽ കാലപ്പഴക്കം മൂലം ഇപ്പോൾ 6 പേർക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ. കൂടുതൽ പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പുതിയ ബോട്ട് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇതേ തുടര്‍ന്നാണ് പുതിയ ബോട്ടിനായി സര്‍ക്കാര്‍ പണം അനുവദിച്ചത്.
ഇടുക്കി ജില്ല പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് തേക്കടിയിൽ വച്ച് പുതിയ ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു.
അണക്കെട്ടിൻ്റെ സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുല്ലപ്പെരിയാറിൽ സംസ്ഥാന സർക്കാർ പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. ഒരു ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ 126 പേരെയാണ് ആദ്യഘട്ടത്തിൽ നിയോഗിച്ചത്.

