ദുബായ്: എല്ലാ വിമാനങ്ങളിലും പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ദുബായ് ആസ്ഥാനമായുള്ള വിമാന കമ്പനി എമിറേറ്റ്‌സ്. ദുബായിലേക്കോ ദുബായിൽ നിന്നും പുറത്തേക്കോ ഉള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് എമിറേറ്റ്‌സ് അറിയിച്ചു. വെള്ളിയാഴ്ച്ച വാർത്താക്കുറിപ്പിലൂടെയാാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ കാണുന്ന ഇത്തരം വസ്തുക്കൾ ദുബായ് പോലീസ് കണ്ടുകെട്ടുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി. അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ പേജർ ആക്രമണം ഉണ്ടായതിനെ തുടർന്ന് സെപ്തംബർ 19 മുതൽ ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഒക്ടോബർ 8 വരെ ദുബായിൽ നിന്നും ബെയ്‌റൂത്തിലേക്കുള്ള വിമാന സർവ്വീസുകളും എമിറേറ്റ്‌സ് റദ്ദാക്കിയിട്ടുണ്ട്.

