പത്തനംതിട്ട: അൻപത്തിയാറ് വർഷം മുമ്പ് വിമാനപകടത്തിൽ മരണമടഞ്ഞ സൈനികൻ തോമസ് ചെറിയാന് വിട നൽകി നാട്. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പത്തനംതിട്ട ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്‌കാരം. രാവിലെ മുതൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് എത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് തോമസ് ചെറിയാന്റെ മൃതദേഹം പാങ്ങോട് സൈനീക ക്യാമ്പിൽ എത്തിച്ചത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ പ്രാർത്ഥനാചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം എത്തിച്ചു.
വൈകുന്നേരത്തോടെ ശവസംസ്‌കാര ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ്ണ സൈനീക ബഹുമതികളോട് സംസ്‌കരിച്ചു. മെത്രാപോലീത്തമാരായ കുറിയാക്കോസ് മാർ ക്ലിമിസ്, ഏബ്രഹാം മാർ സെറാഫീം എന്നിങ്ങൾക്ക് ശവസംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്റ്റ്‌സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്, പരിശീലനം പൂർത്തിയാക്കി ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽ നിന്ന് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്.

