നടി റാണി മുഖർജി വീഴാതിരിക്കാൻ സാരിയുടെ മുന്താണി കൈയിൽപിടിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. റാണി മുഖർജി സാരിയിൽ ചവിട്ടി വീഴാതെ അവരെ സംരക്ഷിക്കുകയായിരുന്നു ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അബുദാബിയിൽ ഐഫ പുരസ്കാരച്ചടങ്ങിന്റെ വേദിയിലായിരുന്നു സംഭവം. ഈ പുരസ്കാരച്ചടങ്ങിന്റെ അവതാരകൻ കൂടിയായിരുന്ന ഷാരൂഖ്.
മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ സംവിധായകൻ കരൺ ജോഹറെ ആശ്ലേഷിച്ച് മൈക്കിന് അടുത്തേക്ക് നടക്കുകയായിരുന്നു റാണി. ഇതിനിടയിൽ ഇവർ സാരിയുടെ മുന്താണിയിൽ ചവിട്ടി വീഴുമെന്ന് ഷാരൂഖിന് തോന്നി. ഉടനെത്തന്നെ ഷാരൂഖ് സാരിയുടെ മുന്താണി കൈയിലെടുത്തു.
ഐഫ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഷാരൂഖിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. ഇത്ര വലിയ സൂപ്പർ സ്റ്റാറായിട്ടും എന്തൊരു ലാളിത്യമാണെന്നും സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് ഷാരൂഖെന്നും ആരാധകർ കമന്റ് ചെയ്യുന്നു. ഷാരൂഖിനെ പോലെ മറ്റൊരാളില്ലെന്നും ഇതാണ് യഥാർത്ഥ ജന്റിൽമാനെന്നും ആരാധകർ പറയുന്നു.

