തിരുവനന്തപുരം: ഇത്തവണ തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചതെന്നും എന്നാൽ പൂരത്തിന്റ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇത്തവണ പൂരം ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. പൂരം അലങ്കോലപ്പെടുത്താൻ ചിലർ ശ്രമിച്ചു. ഇത് ഗൗരവത്തോടെ കണ്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബർ 23 നു റിപ്പോർട്ട് സർക്കാരിന് കിട്ടി. കുറേകാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സമഗ്രമായ റിപ്പോർട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. അത് സർക്കാർ ഗൗരവമായി കാണുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻ നിർത്തി ആസൂത്രിത നീക്കം ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായി അനുവദിക്കാൻ കഴിയാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടു. ബോധപൂർവം പ്രശ്ങ്ങൾ ഉണ്ടാക്കാൻ ശ്രമം ഉണ്ടായെന്നും എഡിജിപി റിപ്പോർട്ട് പറയുന്നു. ഒരു കുൽസിത ശ്രമവും അനുവദിക്കാൻ കഴിയില്ല. ഇതൊരു ആഘോഷമായി ചുരുക്കി കാണണ്ട. ഇത് ഒരാഘോഷം തകർക്കാൻ മാത്രം ഉള്ള ശ്രമം ആയിരുന്നില്ല. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലിൽ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തു. പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഇന്റലിജിൻസ് എഡിജിപിയെ ചുമതലപ്പെടുത്തും. എഡിജിപി അജിത് കുമാറിന്റെ വീഴ്ച്ച ഡിജിപി റിപ്പോർട്ട് ചെയ്തു. ഇതിൽ വിശദ പരിശോധനക്ക് ഡിജിപിയെ ചുമതലപ്പെടുത്തിയെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

