ചിതയടങ്ങും മുൻപ് വിവാദം പാടില്ല; അർജ്ജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവുമെന്ന് മനാഫ്

കോഴിക്കോട്: അർജുനെ കാണാതായ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവുമെന്ന് മനാഫ് പറഞ്ഞു. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് വ്യക്തമാക്കി.

തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തിന് ഒപ്പമാണ്. അവർക്ക് വിഷമം ഉണ്ടാക്കാനില്ല. ഇന്നത്തോടെ ഈ വിവാദം തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തന്റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് ചൂണ്ടിക്കാട്ടി.

മുക്കത്ത് ഇന്ന് താനൊരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ചിലർ തനിക്ക് പണം തരാൻ സമീപിച്ചു. അത് അർജുന്റെ മകനായി നൽകാൻ നിർദ്ദേശിച്ചു. അർജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെ കുടുംബത്തോടെ ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അതിൽ കുടുംബത്തിന് ദുഃഖം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തിന് ദുഃഖം ഉണ്ടാകുന്ന ഒന്നും താൻ ചെയ്യില്ലെന്നും മനാഫ് കൂട്ടിച്ചേർത്തു.