പി ശശിക്കെതിരായ പി വി അൻവറിന്റെ ആരോപണങ്ങളെ അർഹിച്ച അവജ്ഞയോടെ തള്ളികളയുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: പി ശശിക്കെതിരായ പി വി അൻവറിന്റെ ആരോപണങ്ങളെ അർഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിന്റെ ലക്ഷ്യം സിപിഐഎമ്മും എൽഡിഎഫ് സർക്കാരുമാണെന്ന് അദ്ദേഹം പറഞ്ഞു. അൻവർ എംഎൽഎയാണ്. എംഎൽഎ എന്ന നിലയ്ക്ക് ആരോപണങ്ങൾ ഗൗരവമായി എടുത്തിരുന്നു. അതിന്റെ ഭാഗമായി അന്വേഷണത്തിന് സംവിധാനമൊരുക്കി. അന്വേഷണം നടക്കുന്നതിനിടെയാണ് അൻവർ മാറി മാറി വന്നത്. അത് നേരെ ഇപ്പോൾ എൽഡിഎഫിൽ നിന്ന് വിടുന്നുവെന്ന ഘട്ടത്തിലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇനിയിപ്പോ അൻവർ പുതിയ പാർട്ടി രൂപീകരിച്ചാൽ അതിനെയും നേരിട്ട് പോകും. ഏതെല്ലാം തരത്തിൽ തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു.എൽഡിഫിനൊപ്പം നിൽക്കുന്നവരെ പിന്തിരിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമം പലതരത്തിൽ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇത്തരം ശ്രമത്തിൻറെ ഭാഗമായി നടത്തുന്ന കളിയുടെ കൂടെ അൻവറും ചേർന്നുവെന്നതാണ് അടുത്തകാലത്തെ അദ്ദേഹത്തിൻറെ പ്രസ്താവനകൾ തെളിയിക്കുന്നത്. ഇതിൽ അത്ഭുതമില്ല. സ്വഭാവികമായ ഒരു പരിണമാണ് അത്. ഇനിയിപ്പോ പാർട്ടി രൂപീകരിച്ച് പോകാനാണെങ്കിൽ അതും കാണാം. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും താൻ ഇവിടെ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി ശശിക്കെതിരായ ആരോപണങ്ങൾ അൻവറിന്റെ ശീലത്തിലുള്ളതാകാം. അദ്ദേഹത്തിന് പലതരത്തിലുള്ള ഇടപെടലുണ്ടാകും. അത് തന്റെ ഓഫീസിലെ ആളുകളുമായി കൂട്ടിചേർക്കേണ്ടതില്ല. എല്ലായിടത്തും മറ്റു തരത്തിൽ സഞ്ചരിച്ച് പോകുന്നതൊന്നും നല്ല മാർഗമല്ല. നല്ലതല്ലാത്ത മാർഗം അൻവർ സ്വീകരിക്കുമ്പോൾ അതിന്റെ രീതിയിൽ തന്നെ പ്രതികരിക്കുന്നില്ല. ഒരു തരത്തിലുള്ള സംശയത്തിൻറെ നിഴലിലുമല്ല തന്റെ ഓഫീസിലുള്ളവർ ഇരിക്കുന്നത്. അർഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.