ഇന്ത്യക്കാർ തൽക്കാലം ഇറാനിലേക്ക് യാത്ര ചെയ്യരുത്; മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

ടെഹ്റാൻ: ഇന്ത്യക്കാർ തൽക്കാലം ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇറാൻ വ്യോമാതിർത്തി വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ഇസ്രായേൽ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് സംഘർഷം വ്യാപിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രാജ്യങ്ങൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.