മലപ്പുറം: തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. തനിക്ക് ആരോടും പ്രതിബദ്ധയില്ലെന്നും അത് കോൺഗ്രസിനോടും സിപിഎമ്മിനോടുമില്ലെന്നും ജലീൽ പറഞ്ഞു.
സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യം. പി വി അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം തന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ജലീൽ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടി ആവശ്യപ്പെടുന്നിടത്തോളം കഴിവിന്റെ പരമാവധി സേവനം തൻ നൽകും. സിപിഎമ്മിന്റെ സഹയാത്രികനായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കെ ടി ജലീൽ രചിച്ച ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടന്നു. കൈരളി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. ജോൺ ബ്രിട്ടാസ് എം.പി പുസ്തകം പ്രകാശനം ചെയ്തു. പത്മശ്രീ റാബിയ ആദ്യകോപ്പി ഏറ്റുവാങ്ങി. പ്രൊഫ: എം.എം നാരായണൻ പുസ്തക പരിചയം നടത്തി. മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

