ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ കേരളം; ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉൽപ്പാദനശേഷി വിപുലീകരിക്കാനും ഉൽപ്പാദനോപാധികൾ നവീകരിക്കാനുമാണിത്. അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ ഇലക്ട്രോണിക്‌സ് ഹാർഡ്വെയർ ഉൽപ്പാദന വിറ്റുവരവ് പതിനായിരം കോടി രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ഇലക്ട്രോണിക്‌സ് വ്യവസായ ഹബ്ബാക്കാൻ ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഐടി ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദനകേന്ദ്രം സജ്ജമാക്കിയ കെൽട്രോൺ സംസ്ഥാനത്തിന് അഭിമാനമാണ്. സാങ്കേതിക പരിജ്ഞാനം, ഫാക്ടറി നവീകരണം എന്നിവയ്ക്കൊപ്പം ട്രാഫിക് മാനേജ്‌മെന്റ്, ഡിഫൻസ് പ്രോഡക്ട്‌സ്, പവർ ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലൂന്നിയ പദ്ധതികൾക്ക് 395 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്‌ന്നെ് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് മികവുറ്റതാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഉൽപ്പാദനമേഖലയിലെന്നപോലെ ഗവേഷണവികസന മേഖലയിലും കാര്യക്ഷമമായി കെൽട്രോൺ ഇടപെടണം. ആധുനികവൽക്കരണത്തിനുള്ളതെല്ലാം സർക്കാർ ചെയ്താലും പുതിയ കമ്പോള സാധ്യതകൾക്ക് അനുസൃതമായി നവീകരിക്കാനും ലാഭത്തിലെത്തിക്കാനും ശ്രദ്ധിക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരാണ്. കേരളത്തെ വ്യവസായസൗഹൃദമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ചെറിയ സംരംഭങ്ങളെ ആയിരം കോടി രൂപ വിറ്റുവരവുള്ള വലിയ സംരംഭങ്ങളാക്കാൻ സഹായം നൽകുന്നുണ്ട്. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.