സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം; ഗവർണർ

പാലക്കാട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ തലസ്ഥാനത്ത് എത്തിയുടൻ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരാണ് സ്വർണം കടത്തുന്നതെന്നും ഇതുവഴി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സർക്കാരിന് വ്യക്തമായി അറിയാം. മലപ്പുറം കേന്ദ്രീകരിച്ച് സ്വർണക്കടത്തും രാജ്യവിരുദ്ധ പ്രവർത്തനവും നടക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടാകണം. അങ്ങനെ നടക്കുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് അവർക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ല. സ്വർണക്കടത്തിന്റെ വഴികളെ കുറിച്ച് സർക്കാരിന് വ്യക്തമായി ധാരണയുണ്ട്. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഗവർണർ പറഞ്ഞു.

ഫോൺ ചോർത്തൽ വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.