തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച (ഒക്ടോബർ 1) പ്രവർത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോമ്പ്‌ലക്‌സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാവും.
ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐ.എസ്.ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ISRO യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 4 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11-ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും 3 കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർകപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉൽപാദന ശേഷി. ഇതോടെ കെ.സി.സി.എൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് കോംപണന്റ്‌സ് ഉല്പാദകരിലൊന്നായി മാറി.
സൂപ്പർകപ്പാസിറ്റർ അഥവാ അൾട്രാ കപ്പാസിറ്റർ / ഇലക്ട്രിക്കൽ ഡബിൾ ലേയർ കപ്പാസിറ്റർ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകൾ ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ്. അവയുടെ കപ്പാസിറ്റൻസ് സാധാരണ കപ്പാസിറ്ററുകളേക്കാൾ വളരെ ഉയർന്നതും കുറഞ്ഞ വോൾട്ടേജ് പരിധികളുള്ളവയുമാണ്. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊർജ്ജം സംഭരിക്കാൻ കഴിവുള്ളവയാണിവ. ബാറ്ററികളെ അപേക്ഷിച്ച് സൂപ്പർകപ്പാസിറ്ററിന് വളരെ വേഗത്തിൽ ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും. റീചാർജ് ചെയ്യാവുന്ന ബാറ്ററികളേക്കാൾ കൂടുതൽ ചാർജ് / ഡിസ്ചാർജ് സൈക്കിളുകൾ കൈകാര്യം ചെയ്യാനും കഴിയും. ഓർഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാർബൺ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പർകപ്പാസിറ്ററുകൾ നിർമ്മിക്കുന്നത്. ആക്ടിവേറ്റഡ് കാർബണിൻറെ പ്രധാന ഗുണം അതിൻറെ വൈവിധ്യമാർന്ന ഘടന , കുറഞ്ഞ ചിലവ്, വളരെ വികസിത ഉപരിതല വിസ്തീർണ്ണം, സങ്കീർണ്ണമായ രൂപകൽപ്പന ആവശ്യമില്ലാത്ത ഉയർന്ന ഊർജ്ജ ആപ്ലിക്കേഷനുകൾ എന്നിവയാണ്. ഓട്ടോമോട്ടീവ്, റെന്യുവബിൾ എനർജി, ഇലക്ട്രിക്ക് വെഹിക്കിൾ, എനർജി മീറ്റർ, ഇൻവെർട്ടറുകൾ എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകളിൽ സൂപ്പർകപ്പാസിറ്ററുകൾ ഉപയോഗിക്കുന്നു. അധിക വൈദ്യുതി ആവശ്യങ്ങൾക്കായി വ്യവസായങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന സൂപ്പർകപ്പാസിറ്ററുകൾ രൂപകൽപ്പന ചെയ്യാൻ ഇതിലൂടെ കഴിയും. സൂപ്പർകപ്പാസിറ്ററുകളുടെ ആപ്ലിക്കേഷനുകൾ മില്ലി-വാട്ട് വൈദ്യുതി ആവശ്യങ്ങൾ തൊട്ട് നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങൾ വരെ നീളുന്നു. ഗതാഗതം, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, പ്രതിരോധ ഉപകരണങ്ങൾ, ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയിൽ സൂപ്പർകപ്പാസിറ്ററുകൾ പ്രയോജനപ്പെടുത്താൻ കഴിയും. സൂപ്പർകപ്പാസിറ്ററുകൾ ബാറ്ററികളും കപ്പാസിറ്ററുകളും തമ്മിലുള്ള ദൂരം നികത്തുന്നതു കൂടിയാണ് സൂപ്പർ കപ്പാസിറ്ററുകൾ.
ചൊവ്വാഴ്ച രാവിലെ 9.30 ന് കണ്ണൂർ കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡിൽ നടക്കുന്ന ചടങ്ങിൽ എം.വിജിൻ എം.എൽ.എ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.

