പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചു; ആഞ്ഞടിച്ച് പി വി അൻവർ

മലപ്പുറം: പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ ആരോപിക്കുന്നു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹിയായ ഷാജൻ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തന്റേത് മതേതര പാരമ്പര്യമാണ്. എന്നാൽ, തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുകയാണ്. മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. തന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്‌നം. താൻ മുസ്ലീം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്‌നം. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പൊലീസിൽ പലരും ക്രിമിനൽ വത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.