ബസിൽ കയറുന്നവരോട് ഡ്രൈവറായാലും കണ്ടക്ടർ ആയാലും മര്യാദയോടെ പെരുമാറണം; മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ വർധിക്കുന്നതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലഭിക്കുന്ന പരാതികളിൽ ബഹു ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവർക്കെതിരെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പരാതികളും ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബസിൽ കയറുന്നവരോട് ഡ്രൈവറായാലും കണ്ടക്ടർ ആയാലും മര്യാദയോടെ പെരുമാറണം. ജനങ്ങളാണ് യജമാനന്മാർ. അവർ ബസിൽ കയറിയില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ല. ഒരു കാരണവശാലും മര്യാദയില്ലാത്ത സംസാരങ്ങൾ പാടില്ല. അപകടമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും നിങ്ങളുടെ തലയിൽ വയ്ക്കും. കെഎസ്ആർടിസി പൈസയൊന്നും ചെലവാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസി ഉണ്ടാക്കുന്ന അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റ് ആണ് അപകടങ്ങൾ കൂടുതലുണ്ടാക്കുന്നത്. വണ്ടി ഇടിച്ച് കഴിഞ്ഞാലും ജനങ്ങളോട് ചട്ടമ്പിത്തരമൊന്നും കാണിക്കേണ്ട. കൃത്യമായ നിയമനടപടികളുടെ വഴി സ്വീകരിക്കണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.