നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സിനിമയ്ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

പുരസ്‌കാരം 2024 ഒക്ടോബർ 8-ന് സംഘടിപ്പിക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ മിഖുൻ ചക്രവർത്തിയ്ക്ക് സമ്മാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം. മുൻ രാജ്യസഭാംഗം കൂടിയായ മിഖുൻ ചക്രവർത്തിയ്ക്ക് ഈ വർഷം പത്മഭൂഷൻ ബഹുമതിയും ലഭിച്ചിരുന്നു.

1950ൽ കൊൽക്കത്തിയിലാണ് മിഥുൻ ചക്രവർത്തിയുടെ ജനനം. 1976-ൽ മൃഗായ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

തഹാദർ കഥ (1992), സ്വാമി വിവേകാനന്ദൻ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കൂടി അദ്ദേഹം നേടിയിട്ടുണ്ട്.