യാത്രയിൽ ഒരു വാഹനം ബ്രേക്ക് ചെയ്യുമ്പോൾ, ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ വാഹനത്തിനുളളിൽ നിൽക്കുന്നവരായാലും ഇരിക്കുന്നവരായാലും മുന്നോട്ട് തെറിച്ചു വീഴാറുണ്ട്. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുമുണ്ട്. ശരീരഭാരവും വാഹനത്തോടൊപ്പം സഞ്ചരിക്കുന്ന ശരീരവേഗതയും ചേർന്ന ഒരു ആക്കം അഥവാ സംവേഗശക്തി കാരണമാണ് നാം അപ്രതീക്ഷിത ബ്രേക്കിംഗ് സമയത്ത് മുന്നോട്ട് തെറിച്ചു പോകാൻ ഇടയാക്കുന്നത്.
60 Kg ഭാരമുള്ള ഒരാൾ 60 Km വേഗതയിൽ സഞ്ചരിക്കുമ്പോൾ സഡൻ ബ്രേക്കിംഗിലോ അപകടത്തിൽ വാഹനം ഇടിച്ചു നിൽക്കുമ്പോഴോ അയാളുടെ ശരീരഭാരത്തിന്റെ 60 മടങ്ങ് (60 x 60 = 3600) ശക്തിയോടെയാകും മുൻപിലുള്ള ഗ്ലാസ്സിലോ സീറ്റിലോ യാത്രക്കാരിലോ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലോ പോയി ഇടിക്കുന്നത്. ആ സമയത്ത് 60 കിലോ ഭാരം ഏകദേശം 800 കിലോ ഭാരമായിട്ടാകും അനുഭവപ്പെടുക. ഇത്തരം സാഹചര്യങ്ങളിലാണ് Seat belt കൾ രക്ഷയേകുന്നത്.
സാധാരണ അവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവികചലനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും അടിയന്തിര ഘട്ടത്തിൽ ലോക്ക് ചെയ്യപ്പെടുന്ന തരത്തിലും ആണ് സീറ്റ് ബെൽറ്റുകളുടെ പ്രത്യേക സാങ്കേതികത. സീറ്റ് ബെൽറ്റുകളുടെ സുരക്ഷാപൂരക സംവിധാനങ്ങളാണ് എയർ ബാഗുകൾ. സീറ്റ് ബെൽറ്റുകൾ ശരീരത്തെ സീറ്റിനോട് ചേർത്ത് പിടിക്കുമ്പോൾ ഒരു ആഘാതത്തിൽ പിന്നിലേയ്ക്ക് നീങ്ങാവുന്ന സ്റ്റിയറിംഗ് മുതലായ വാഹനഭാഗങ്ങളാൽ സീറ്റിനോട് ചേർന്ന് നിൽക്കുന്ന ശരീരത്തിൽ ആഘാതം ഏൽക്കാതിരിക്കാൻ എയർ ബാഗുകളുടെ പ്രവർത്തനം സഹായിക്കുന്നു.സീറ്റുകളും സീറ്റുകളിലെ ഈ സുരക്ഷാ ക്രമീകരണങ്ങളും പക്ഷെ മുതിർന്നവർക്ക് അനുയോജ്യമായ വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇത്തരം സീറ്റുകളിൽ കുട്ടികൾക്കായി പ്രത്യേക Child Restraint Systems അഥവാ Child Safety Seat കൾ വാഹനനിർമ്മാതാക്കൾ Owner’s Manual ൽ അനുശാസിക്കുന്ന വിധം ഉപയോഗിക്കുക. കുട്ടികളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുന്നതും അത്യന്തം ഗുരുതരമാണ്. നമുക്കും സീറ്റ് ബെൽറ്റിനും ഇടയിൽ ഞെരുങ്ങി കുട്ടികൾ മരണപ്പെടാൻ വരെ സാദ്ധ്യത കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

