അൻവർ വിശ്വാസത്തേയും മതത്തെയും ദുരുപയോഗം ചെയ്യുകയാണ്; രൂക്ഷ വിമർശനവുമായി എ കെ ബാലൻ

ന്യൂഡൽഹി: പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. അൻവർ വിശ്വാസത്തേയും മതത്തെയും ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. നിസ്‌ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി.

കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നെന്നും അൻവർ ആരോപിച്ചു. അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ, ഏത് കാര്യത്തിലാണ് അൻവറിനെ മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത്. ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രിക്കെതിരാക്കാൻ ശ്രമിക്കുകയാണ്. എട്ടു വർഷമായി നടന്നു വരുന്ന കാര്യമാണിത്. എന്നാലിത് വിലപ്പോവില്ലെന്നും ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി തളരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.