തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോട്ടയം നെടുകുന്നം സ്വദേശിയാണ്അൻവറിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
പി വി അൻവറിന്റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ കാളുകൾ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കയറി ചോർത്തുകയോ ചോർത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങൾക്ക് പങ്കുവെക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

