ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. 70 ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വള്ളംകളിയുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഉടൻ ബോർഡ് യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വള്ളംകളി സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാരപരിപാടി കൂടിയാണ്. കേരളം ലോകത്തിന് സമ്മാനിച്ച ജലോത്സവമാണ് വള്ളംകളിയെന്നും നെഹ്റു ട്രോഫി വള്ളംകളി കേരളത്തിന്റെയാകെ ജലോത്സവമായി മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആലപ്പുഴയുടെ ആവേശവും വികാരവുമാണ് നെഹ്റുട്രോഫി ജലോത്സവമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യം മാറ്റി വെച്ചുവെങ്കിലും ആനന്ദത്തിന്റെയും സന്തോഷത്തിന്റയും ഇടങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാർ തീരുമാനപ്രകാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. നെഹ്റു ട്രോഫി ജലമേളയെ ആലപ്പുഴയുടെ ഒളിമ്പിക്സ് എന്ന് വിശേഷിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തെ അനുസ്മരിച്ചു കൊണ്ട് നടത്തിയ മൗനപ്രാർത്ഥന യോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നെഹ്റു പ്രതിമയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പുഷ്പ്പാർച്ചന നടത്തി. സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് മാസ്ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി 2023 ലെ നെഹ്റു ട്രോഫി മാധ്യമ അവാർഡ് ജേതാക്കൾക്ക് മെമെന്റോ വിതരണം ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് കാഷ് അവാർഡും മന്ത്രി പി പ്രസാദ് സർട്ടിഫിക്കറ്റും ജേതാക്കൾക്ക് നൽകി. എൻ.ടി.ബി.ആർ. സുവനീറിന്റെ പ്രകാശനം പി പി ചിത്തരഞ്ജൻ എംഎൽഎ ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിളിന് നൽകി നിർവഹിച്ചു. എച്ച് സലാം എംഎൽഎ മുഖ്യാഥിതിക്കുള്ള മെമന്റോ കൈമാറി. എംഎൽഎമാരായ, തോമസ് കെ തോമസ്, യു പ്രതിഭ, ദലീമ ജോജോ, ആലപ്പുഴ മുൻസിപ്പൽ ചെയർപെഴ്സൺ കെ കെ ജയമ്മ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ വർഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ അലൻ മൂന്ന്തൈക്കൽ തുഴച്ചിൽക്കാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തി. എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് സ്വാഗതവും സെക്രട്ടറിയും സബ് കളക്ടറുമായ സമീർ കിഷൻ നന്ദിയും പറഞ്ഞു.

