തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. കേന്ദ്രസർക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്‌മെന്റാണ് അംഗീകാരം നൽകിയത്. തുറമുഖ മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. തുടർ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്ഥിര അംഗീകാരം ലഭിച്ചത്. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിലേക്ക് ഒരുപടി കൂടി നമ്മൾ അടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര കപ്പലുകൾ സർവ്വീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം ആവശ്യമാണ്.
തുറമുഖത്ത് നങ്കൂരമിടാനുള്ള സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നുള്ള കർശന പരിശോധനകൾക്ക് ശേഷമാണ് ഐഎസ്പിഎസ് അംഗീകാരം ലഭിക്കുന്നത്. കാർഗോ അതിവേഗ ക്രാഫ്റ്റ്, ബൾക്ക് കാരിയർ, ചരക്ക് കപ്പൽ എന്നിവയ്ക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്.

