തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് പുഷ്പനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന ഡിവൈഎഫ്ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്‌നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് അദ്ദേഹം കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. സിപിഐഎം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.
പുഷ്പന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്. സഖാവിനോടൊപ്പം പാർട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി നമ്മുടെയുള്ളിൽ ജ്വലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂത്തുപറമ്പ് വെടിവെപ്പിൽ ജീവൻപൊലിഞ്ഞ അഞ്ച് ധീരസഖാക്കൾക്കൊപ്പമാണ് പുഷ്പനും വെടിയേറ്റത്. വെടിയേറ്റ് കഴുത്തിന് താഴെ തളർന്നിട്ടും മരണത്തെ തോൽപ്പിച്ച പുഷ്പൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു. തന്റെയുള്ളിലെ അടങ്ങാത്ത പോരാട്ടവീര്യമാണ് ദീർഘമായ ഈ കാലത്തെ അതിജീവിക്കാൻ പുഷ്പന് കരുത്ത് നൽകിയത്. തന്റെ ഇരുപത്തിനാലാം വയസ്സിൽ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ പോരാളികൾക്ക് ആവേശമായി. മരുന്നുകൾക്കും വേദനകൾക്കുമിടയിലൂടെ കടന്നുപോകുമ്പോഴും പുഷ്പൻ തന്റെയുള്ളിലെ വിപ്ലവാവേശത്തെ കനലൂതിത്തെളിച്ചു കൊണ്ടേയിരുന്നു. അസുഖ ബാധിതനായ ഓരോ തവണയും മരണത്തെ തോൽപ്പിച്ച് അത്ഭുതകരമായി തിരിച്ചുവന്നു. വിദ്യാർഥി, യുവജന സമ്മേളനവേദികളിൽ നേരിട്ടെത്തിയും കത്തുകളിലൂടെയും പുഷ്പൻ തന്റെ സഖാക്കൾക്ക് സമരാഭിവാദ്യമർപ്പിച്ചു. പുഷ്പനെ കാണാൻ എത്രയോവട്ടം മേനപ്രത്തെ വീട്ടിലെത്തിയിട്ടുണ്ട്. അപ്പോഴെല്ലാം പുഷ്പൻ ചോദിച്ചറിഞ്ഞതും പങ്കുവെച്ചതും കേരളത്തിന്റെ രാഷ്ട്രീയവും തന്റെ പാർട്ടിയെക്കുറിച്ചും സഖാക്കളെക്കുറിച്ചുമുള്ള വിശേഷങ്ങളായിരുന്നു. വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു.
ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പൻ ജീവിക്കും. സഹനസൂര്യനായി ജ്വലിച്ച പുഷ്പന്റെ വിയോഗത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

