കോഴിക്കോട്; ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേർന്നാണ് അർജുനെ സംസ്‌കരിച്ചത്.
രാവിലെ 11.20ഓടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. 11.45ഓടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അർജുന്റെ ചിതയ്ക്ക് തീകൊളുത്തി. ആയിരക്കണക്കിനാളുകളാണ് അർജുനെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി എത്തിയത്. ഇന്ന രാവിലെയാണ് അർജന്റെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിച്ചത്.
കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്‌നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വെച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

