ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ; മലയാളി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ മലയാളിയ്ക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവൽ കമ്പിളിക്കണ്ടം പൂവത്തിങ്കൽ വീട്ടിൽ അമൽ മോഹൻ ആണ് മരണപ്പെട്ടത്. 34 വയസായിരുന്നു. എത്രയും വേഗം നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു.

നോർക്കയുടെ ന്യൂഡൽഹിയിലെ എൻആർകെ ഡെവലപ്‌മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിൽ നിന്നു മൃതദേഹം ഹെലികോപ്ടറിൽ ജോഷിമഠിൽ എത്തിച്ചു. ജോഷിമഠ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയിൽ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയർലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. ശ്വാസംമുട്ടൽ അനുഭവപ്പെട്ട അമലിന്റെ പിന്നീട് ആരോഗ്യസ്ഥിതി മോശമായി മരണപ്പെടുകയായിരുന്നു.