രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങി; സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കമെന്ന് പി വി അൻവർ

നിലമ്പൂർ: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായി പി വി അൻവർ എംഎൽഎ. ഇനി കാണാൻ പോകുന്നത് പുതിയ അൻവറിനെയാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി നൽകി കൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

താൻ തീപ്പന്തം പോലെ കത്തുമെന്ന മുന്നറിയിപ്പും അൻവർ നൽകുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. യഥാർഥ സഖാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. സിപിഎം പറഞ്ഞത് അനുസരിച്ചു. പക്ഷേ തന്റെ അഭ്യർഥന കേട്ടില്ല. സ്വർണക്കടത്തിൽ അടക്കം അന്വേഷണം നടത്തുന്നില്ല. പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. താൻ സാധാരണ ജനങ്ങൾക്കൊപ്പമാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൻ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണെന്നും അൻവർ വിമർശിച്ചു.