തിരുവനന്തപുരം: നടൻ ഇടവേള ബാബു അറസ്റ്റിൽ. ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പരാതിയിൽ ഇടവേള ബാബുവിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റിന് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും.
രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരെയുള്ളത്. അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ പരാതികളാണ് ഇടവേള ബാബുവിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇടവേള ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

