അജിത് സാറിനും രജനി സാറിനും അസുരനിൽ ധനുഷ് സാറിനുമൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബോണസ് ആയി കാണുന്നുവെന്ന് നടി മഞ്ജു വാര്യർ. ഒപ്പം വർക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ പറ്റുകയെന്നുള്ളത് ഭാഗ്യമായി കാണുന്നു, ബാക്കിയെല്ലാം ബോണസ് ആണെന്നും താരം പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.
രജനി ചിത്രം വേട്ടയ്യനിലും അജിത് ചിത്രം തുനിവിലും അഭിനയിക്കാൻ ആദ്യം ഓക്കേ പറഞ്ഞത് സംവിധായകരെ കണ്ടിട്ടാണ്. അതിന് ശേഷമാണ് ആരാണ് നായകന്മാർ എന്നറിഞ്ഞത്. തുനിവിലേക്ക് തന്നെ ക്ഷണിച്ചത് എച്ച് വിനോദ് ആയിരുന്നു. ഒരു എച്ച് വിനോദ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നതായിരുന്നു തന്റെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. അതിന് ശേഷമാണ് അജിത് സാറാണ് സിനിമയിലെ നായകനെന്ന് അറിഞ്ഞത്. അതെനിക്ക് ഒരു ബോണസ് ആയിരുന്നു. വേട്ടയ്യനിലക്ക് ജ്ഞാനവേൽ സാർ വിളിക്കുമ്പോൾ ജയ് ഭീമിന് ശേഷം അദ്ദേഹവുമായി ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് താൻ പറഞ്ഞത്. പിന്നെയാണ് അതൊരു രജനി സാർ ചിത്രമാണെന്ന് അറിഞ്ഞതെന്ന് മഞ്ജു വ്യക്തമാക്കി.
വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയാണ് മഞ്ജുവാര്യർ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരും വേട്ടയ്യനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വേട്ടയ്യനിലെ ഗാനം സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗാണ്.

