തിരുവനന്തപുരം: സിപിഎം പ്രസ്ഥാനം ആർ എസ് എസിന് സറണ്ടറായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നേതാക്കളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് വേണ്ടി ആർ എസ് എസ് നേതാക്കളെ കാണുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 1970 കാലഘട്ടം മുതൽ സി പി എമ്മും സംഘപരിവാറും തിരഞ്ഞെടുപ്പിൽ പരസ്പരം സഹായിക്കുന്നു. കണ്ണൂരിൽ ആർ എസ് എസ് വോട്ട് വാങ്ങിയല്ലേ പിണറായി അക്കാലത്ത് വിജയിച്ച് എം എൽ എയായത്. ഇപ്പോഴും ആ ബന്ധം തുടരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
അതിന്റെ ബലത്തിലാണ് ഇത്രയേറെ കേസുകളുണ്ടായിട്ടും മുഖ്യമന്ത്രി പുറത്ത് ഇറങ്ങി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഏതെങ്കിലും ഒരു കേസിൽ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായോ. എസ്എൻസി ലാവ്ലിൻ കേസ് എത്രതവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രിക്കെതിരായ സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത്, മാസപ്പടി, ലൈഫ് പദ്ധതിയിലെ അഴിമതി തുടങ്ങിയ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എവിടെയായി. ഇതെല്ലാം മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്ക് വേണ്ടി ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിക്കെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിക്കുന്നു.
എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നതിൽ സംശയമില്ല. എഡിജിപിക്കെതിരെ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം പോലും ജനങ്ങളുടെയും എൽഡിഎഫിലെ ഘടകകക്ഷികളുടെയും കണ്ണിൽപ്പൊടിയിടാനാണ്. പേരിന് ഡി ജി പിയെ കൊണ്ട് ഒരന്വേഷണം നടത്തി എഡിജിപിയെ വെളളപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണോ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണമെന്ന് സംശയമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

