വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരായ നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിലും ഒക്ടോബർ ഒന്ന് മുതൽ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂർണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അഭ്യർഥിച്ചു.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിൽ പാർസൽ വിതരണത്തിനും ഒക്ടോബർ ഒന്ന് മുതൽ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി ഒഴിവാക്കാൻ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത വ്യാപാരി സംഘടനാ പ്രതിനിധികളുടെയും ഹോട്ടൽ- റസ്റ്റോറന്റ് – ബേക്കറി ഉടമ സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കടകളിൽ വിൽക്കാനോ സൗജന്യമായി നൽകാനോ പാടില്ല. ആവശ്യക്കാർക്ക് തുണി സഞ്ചി പോലെ ബദൽ സംവിധാനങ്ങൾ വിലയ്ക്കു നൽകാം. ഹോട്ടലുകളിൽ പാർസൽ വിതരണത്തിന് കവറുകൾക്ക് പകരം പാത്രങ്ങൾ ഉപയോഗിക്കണം. പാത്രങ്ങൾ കൊണ്ട് വരാത്തവർക്ക് ഡെപ്പോസിറ്റ് വ്യവസ്ഥയിൽ പാത്രങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കാവുന്നതാണ്. ഒക്ടോബർ 15 മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് കളക്ടർ അറിയിച്ചു.

ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാനെത്തുന്നവർ ആവശ്യമായ പാത്രങ്ങളും സഞ്ചികളും കൈവശം കരുതാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. മനുഷ്യ സമൂഹത്തിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുമായി എല്ലാവരും സഹകരിക്കണം. ക്യാമ്പയിനുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗവും ഇന്ന് (ചൊവ്വ) കളക്ടറേറ്റിൽ വിളിച്ച് ചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സഹകരണം തേടുകയും ചെയ്തു.