ടൂറിസം തൊഴിലാളി ക്ഷേമനിധി ബോർഡിൽ ടൂറിസ്റ്റ് ഗൈഡുകളേയും ഉൾപ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവർക്കായി രൂപീകരിക്കുന്ന തൊഴിലാളി ക്ഷേമനിധി ബോർഡിൽ ടൂറിസ്റ്റ് ഗൈഡുകളേയും ഉൾപ്പെടുത്തും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കിറ്റ്‌സിൽ നടത്തുന്ന പരിശീലനത്തിൽ വിദേശഭാഷകൾകൂടി ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ നിർമ്മാർജ്ജനയുമായി ബന്ധപ്പെട്ട് നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ടോയ്ലെറ്റുകളുടെ അപര്യാപ്തത, വിദേശികളായ ടൂറിസ്റ്റുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിലെ കുറവ്, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, പാർക്കിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ എന്നിവയും പരിഹരിക്കും. ടൂറിസം ഗൈഡ്‌സ് അസോസിയേഷൻ പ്രതിനിധികൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ വിവിധ വകുപ്പുകളുമായി ചർച്ച നടത്തി പരിഹാരം കാണേണ്ടവ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടേയും ശ്രദ്ധയിൽപെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.