മലപ്പുറം: വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. നിലമ്പൂർ വനംവകുപ്പിന്റെ പരിപാടിയിൽ വനംമന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു അൻവറിന്റെ വിമർശനം. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്ന് അൻവർ പറഞ്ഞു.
വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമമാണ്. വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി.
വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇത് ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ – വന്യ ജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വലിയ വോട്ടുചോർച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാൾ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫീസിൽ വക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല. വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻഅപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെയെന്നും പി വി.അൻവർ അഭിപ്രായപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല. ഈ നിയമസഭ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം. മനുഷ്യർക്കും ഇവിടെ ജീവിക്കണം.ലോക രാജ്യങ്ങളിൽ കാലത്തിന് അനുസരിച്ച് പല നിയമങ്ങൾ പരിഷ്‌ക്കരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

