തിരുവനന്തപുരം: ഒറ്റമിനിറ്റുകൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായം ആരംഭിക്കുന്നതിൽ ഏറ്റവും അനുയോജ്യ സംസ്ഥാനമായിമാറാൻ കേരളത്തിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാംസ്ഥാനത്ത് എത്തി. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 28-ാം സ്ഥാനത്തായിരുന്നു കേരളം. സാധ്യതകളെയും വെല്ലുവിളികളെയും കോർത്തിണക്കിയുള്ള പുതിയ വ്യവസായനയം സംസ്ഥാനം ആവിഷ്‌ക്കരിച്ചു. പരിശോധന കഴിഞ്ഞ സ്ഥാപനങ്ങളിലെ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പബ്ലിക് ഡൊമെയ്‌നിൽ പ്രസിദ്ധീകരിക്കാൻ സംവിധാനവും ഒരുക്കി. രണ്ടര വർഷം കൊണ്ട് കേരളത്തിൽ 2,90,000 എംഎസ്എംഇകൾ സ്ഥാപിക്കാനായി. 18,000 കോടിയിലധികം പുതിയ നിക്ഷേപവും വന്നു. സംരംഭകരിൽ 92,000 പേർ വനിതകളും 30 പേർ ട്രാൻസ്‌ജെൻഡർമാരുമാണെന്ന് അദ്ദേഹം വിശദമാക്കി.

