ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കും; ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയപ്പോഴാണ് നരേന്ദ്ര മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഇരുനേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി.

പ്രതിരോധ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മിൽ മൾട്ടി ബില്യൺ ഡോളർ ഡ്രോൺ കരാറിൽ ഏർപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കങ്ങൾ ഇന്ത്യ സജീവമാക്കിയിരിക്കുകയാണ്. ഇവ സ്വന്തമാക്കാൻ ഏകദേശം 3 ബില്യൺ ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ചൈനയിൽ നിന്ന് വെല്ലുവിളി ഉയരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഇന്ത്യ പ്രതിരോധ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ചൈനയുമായുള്ള അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കരാറിൻമേലുള്ള ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നുവരികയാണ്.

അമേരിക്കയിൽ നിന്ന് എയർ-ടു-സർഫേസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളുമുള്ള എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.