മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ തുടരാൻ അർഹതയില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും വിഡി സതീശൻ വ്യക്തമാക്കി. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ ആദ്യ 58 മിനിറ്റും സംസാരിച്ചത് മാധ്യമങ്ങൾക്കെതിരെയാണ്. വ്യാജ വാർത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്. യഥാർത്ഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. തൃശൂർ പൂരം റിപ്പോർട്ട് ഒരാഴ്ചയ്ക്കു അകം എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് തുടരൻ ആകില്ലെന്ന് തെളിഞ്ഞു. അതിനാൽ സ്ഥാനം ഒഴിയണം. തൃശൂർ പൂരം വിവാദത്തിൽ അന്വേഷണത്തിന് വീണ്ടും സമയം നീട്ടി കൊടുത്തു. ആർടിഐ രേഖകൾ സത്യം പറഞ്ഞപ്പോൾ ഉദ്യോഗസ്ഥനെ നടപടി എടുത്തു. തന്റെ പാർട്ടിയിലെ വിരുദ്ധകർക്ക് മുഖ്യമന്ത്രി മറുപടി നൽകി. പിവി അൻവർ എംഎൽഎയെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ അക്കാര്യം തെളിഞ്ഞു. ഭരണകക്ഷി എംഎൽഎക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുകയാണ്. കോൺഗ്രസ് സ്വഭാവം എങ്കിൽ എന്തിനു അൻവറിനെ വെച്ചോണ്ട് ഇരിക്കുന്നുവെന്ന ചോദ്യവും വി ഡി സതീശൻ മുന്നോട്ടുവെച്ചു.

ആർഎസ്എസ് നേതാവിനെ കണ്ട ഉദ്യോഗസ്ഥനെതിരെ ചെറു വിരൽ അനക്കിയില്ല. മുഖ്യമന്ത്രിയുടെ ദൂതൻ അല്ല എഡിജിപി എങ്കിൽ എന്ത് കൊണ്ട് നടപടി ഇല്ല. ആർഎസ്എസിന് സിപിഎം കൊടുത്ത പിന്തുണയുടെ തുടർച്ചയാണിത്. പൂരം കലക്കാൻ മുഖ്യമന്ത്രിയും കൂട്ടുനിന്നു. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിൽ സഹായിച്ചു. വയനാട് ദുരന്തത്തിൽ ഇല്ലാത്ത കണക്ക് ഉണ്ടാക്കിയാണ് നൽകിയത്. ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് അതെ പോലെ ഒപ്പിട്ട് നൽകുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.