കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ട ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്നയുടെ കുടുംബാംഗങ്ങളെ സുരേഷ് ഗോപി ആശ്വസിപ്പിച്ചു. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ അനീതിയുണ്ടായതായാണ് തോന്നുന്നത്. സാമൂഹികമായ തിരുത്തൽ ആവശ്യമാണ്. പാർലമെന്റിൽ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി.
അതേസമയം, അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

