തിരുവനന്തപുരം: തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയതാണെന്നും അത് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾക്ക് അനുസരിച്ചുള്ള റിപ്പോർട്ട് അല്ല വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയത്. അതിനാലാണ് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്കെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
വിവരാവകാശ ഓഫീസറായ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി മാറ്റി നിർത്തി. അന്വേഷണം നേരത്തെ പൂർത്തിയാക്കേണ്ടതായിരുന്നു.എന്നാൽ, കഴിഞ്ഞയാഴ്ച കുറച്ചു കൂടി സമയം വേണമെന്ന കത്ത് ലഭിച്ചു. തുടർന്ന് 24ന് മുമ്പ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. ആ റിപ്പോർട്ട് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് വൈകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നതെന്ന് സ്വഭാവികമായും അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ ഇതുവരെ മാറ്റിയിട്ടില്ല. അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവാദങ്ങൾക്കിടെ ആരോപണ വിധേയനായ എംആർ അജിത്ത് കുമാർ തന്നെ തൃശൂർ പൂരം കലക്കൽ അന്വേഷിക്കുന്നതിലൂടെ വസ്തുത പുറത്തുവരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

