നിപ; സമ്പർക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, 134 പേർ ഹൈറിസ്‌ക് കാറ്റഗറിയിൽ

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയി. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണെന്നും അധികൃതർ അറിയിച്ചു.

177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണുള്ളത്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി രണ്ടു പേർ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഇവർ അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് .മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് ആറു പേർക്ക് ഉൾപ്പെടെ 274 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.