കോപ്പിയടി തടയൽ; 2 ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി അധികൃതർ

റാഞ്ചി: രണ്ട് ദിവസം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡ്. കോപ്പിയടി തടയാൻ വേണ്ടിയാണ് സംസ്ഥാനം ഇത്തരമൊരു നടപടി സ്വീകരിച്ചത്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ബിരുദ ലെവൽ പരീക്ഷ നടക്കുന്നതിനാലാണ് ഇന്നും നാളെയും രാവിലെ 8 മുതൽ ഉച്ചക്ക് 1.30 വരെ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പർ ചോരുന്നതടക്കമുള്ള മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ പരീക്ഷ നടത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഒരു സംശയത്തിനുമിട നൽകാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.

ഇന്റർനെറ്റ് നിയന്ത്രണം വോയ്സ് കോളുകളെയും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയെയും ബാധിക്കില്ല. ആകെ 823 കേന്ദ്രങ്ങളിലാണ് ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തുന്നത്. ഇന്നും നാളെയുമായി ഏകദേശം 6.40 ലക്ഷം ഉദ്യോഗാർത്ഥികളായിരിക്കും പരീക്ഷ എഴുതുന്നത്.