ജമ്മുകശ്മീരിൽ കുടുംബവാഴ്ചയ്ക്ക് തടയിടും; യുവാക്കൾ യഥാർത്ഥ ജനാധിപത്യം എന്തെന്ന് തിരിച്ചറിയുന്നുവെന്ന് അമിത് ഷാ

ശ്രീനഗർ: ജമ്മുകശ്മീരിൽ കുടുംബവാഴ്ചയ്ക്ക് തടയിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ മൂന്ന് കുടുംബവാഴ്ചകൾ അവസാനിക്കുന്ന കാഴ്ചയ്ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബ്ദുള്ള, മുഫ്തി, നെഹ്റു-ഗാന്ധി കുടുംബങ്ങളുടെ ഭരണത്തിന് തടയിടും. കാരണം ഈ മേഖലയിലെ യുവാക്കൾ കല്ലുകൾക്ക് പകരം ഇപ്പോൾ ലാപ്ടോപ്പുകളാണ് ഉപയോഗിക്കുന്നത്. 75 വർഷത്തോളം അബ്ദുള്ള, മുഫ്തി, നെഹ്റു- ഗാന്ധി കുടുംബങ്ങൾ ജനാധിപത്യത്തെ അവരുടെ കാൽക്കീഴിൽ വച്ച് ചവിട്ടിയരച്ചു. മോദി സർക്കാരിന്റെ വരവോടെ ഇന്ന് ജമ്മുകശ്മീരിലെ 30,000-ലധികം യുവാക്കൾ യഥാർത്ഥ ജനാധിപത്യം എന്തെന്ന് തിരിച്ചറിയുന്നു. അവർ കല്ലുകൾക്ക് പകരം ഇപ്പോൾ ലാപ്ടോപ്പുകൾ ഉപയോഗിച്ച് വികസനത്തിന്റെ പാതയിൽ ചേക്കേറുന്നുവെന്നും അദ്ദേഹം വിശദമാക്കി.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ജനാധിപത്യം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മുഫ്തിയും നെഹ്റുവും ഉൾപ്പെടെയുള്ള കുടുംബങ്ങൾ ശ്രമിച്ചതെന്നും അമിത് ഷാ വിമർശിച്ചു. ജമ്മുകശ്മീരിൽ 30 വർഷത്തോളം ഭീകരവാദ പ്രവർത്തനങ്ങൾ അരങ്ങേറി. സാധാരണക്കാരായ നിരവധി ആളുകളും കുട്ടികളും മരിച്ചു. ഇതിനെല്ലാം ആരാണ് ഉത്തരവാദികളെന്ന് അമിത് ഷാ ചോദിക്കുന്നു.