ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്തുതന്നെ നടത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി സർക്കാർ 100 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇതിനുള്ള നയചട്ടക്കൂട് തയ്യാറാക്കിയെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം നിയമിച്ച രാംനാഥ് കോവിന്ദ് സമിതി 2029ൽ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശുപാർശ നൽകിയത്.