പത്തനംതിട്ട: ബിജെപി നേതാക്കൾക്കെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറന്മുളയിൽ മാദ്ധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. വയനാട് ദുരന്തത്തിൽ കേരള സർക്കാർ ആവശ്യപ്പെട്ട ധനസഹായത്തോടെ പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
എഡിജിപി അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ല. വേണ്ട സമയത്ത് അതുണ്ടാകും. മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

