വിദേശ രാജ്യങ്ങളിൽ മോഹിപ്പിക്കുന്ന തൊഴിൽ അവസരങ്ങളിൽ ആകൃഷ്ടരായി ചതിയിൽപ്പെടാതെ സൂക്ഷിക്കണം: മുന്നറിയിപ്പുമായി കേരളാ പോലീസ്‌

തിരുവനന്തപുരം: ഡാറ്റാ എൻട്രി / ഐ ടി മേഖലകളിലേക്ക് ജോലി നൽകാം എന്ന വ്യാജേന നടക്കുന്ന റിക്രൂട്ട്‌മെന്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്ത് പതിനായിരക്കണക്കിന് ആളുകളെയാണ് സൈബർ കുറ്റവാളികൾ അവരുടെ തടങ്കലിൽ സൈബർ കുറ്റകൃത്യങ്ങൾക്കായി പാർപ്പിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഇവരെ രാപകൽ എന്ന് പോലും നോക്കാതെ പല രീതിയിൽ പീഡിനത്തിനു വിധേയരാക്കി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ വേണ്ടി നിർബന്ധിക്കുന്നു. സ്വന്തം വീട്ടുകാരെ പോലും ബന്ധപ്പെടാൻ സാധികാത്ത രീതിയിൽ പുറം ലോകവുമായിട്ടുള്ള ബന്ധം ഇല്ലാതാക്കിയാണ് ഇവരെ ഉപയോഗിക്കുന്നത്. ഇതു പോലെയുള്ള ജോലി തട്ടിപ്പിനിരയായി ഇവർക്ക് വിദേശ രാജ്യങ്ങളിൽ സംഘടിത സൈബർ കുറ്റകൃത്യത്തിൻറെ ഭാഗമാകേണ്ടിവരുന്നു. നിങ്ങൾക്കു വരുന്ന ജോലി വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയതിനു ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുവാൻ ശ്രമിക്കുകയെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.